കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ്, കഥ ബോബി-സഞ്ജയ്; ചിത്രത്തിന് ആരംഭം

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജിസിന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലും ആസിഫ് അലിയാണ് നായകനായത്. കുഞ്ചാക്കോ ബോബനൊപ്പം കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് ജിസ് ജോയ് ഒരുക്കുന്നത്. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖം അനാര്‍ക്കലിയാണ് നായിക.


വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ പ്രിന്‍സ് ജോര്‍ജ് ആണ് സംഗീത സംവിധാനം. ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.