എന്താണ് നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം? കീഴാളരായി വേഷമിട്ട വിനായകനും മണികണ്ഠനും പൊങ്ങിയ പല്ലുകള്‍ വെച്ചു കൊടുത്തതോ?; ശ്രദ്ധേയമായി കുറിപ്പ്

ഉറൂബിന്റെ “രാച്ചിയമ്മ” സിനിമയാകുമ്പോള്‍ രാച്ചിയമ്മയായി എത്തുന്ന നടി പാര്‍വതിയുടെ ലുക്കിനെ ചൊല്ലി ഏറെ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. കഥയിലെ രാച്ചിയമ്മയുമായി പാര്‍വതിയുടെ ലുക്കിന് യാതൊരു ബന്ധവുമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇപ്പോഴിതാ ജിനില്‍ എസ്.പി. എന്നയാള്‍ തന്റെ ഭാവനയില്‍ നിന്നു വരച്ചെടുത്ത രാച്ചിയമ്മ വൈറലാകുകയാണ്. ഉറൂബിന്റെ രാച്ചിയമ്മ സിനിമയിലേക്ക് എത്തുമ്പോള്‍ അടിമുടി മാറ്റം വന്നത് എങ്ങനെയാണെന്ന് ജിനില്‍ ചോദിക്കുന്നു. മലയാള സിനിമയില്‍ കണ്ടുവരുന്ന വിവേചനങ്ങളെ കുറിച്ചും ജിനില്‍ പറയുന്നു.

ജിനിലിന്റെ കുറിപ്പ് ഇങ്ങനെ:

മുഖവുരകളൊന്നും കൂടാതെ നേരേ വിഷയത്തിലേക്ക് വരാം…രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്തകളിലും ഇടം നേടിയ പേരാണല്ലോ “രാച്ചിയമ്മ”. ഉറൂബിന്റെ അതേ പേരിലുള്ള ചെറുകഥയെ സംവിധായകനും ഛായാഗ്രാഹകനുമായ വേണു സിനിമയാക്കുമ്പോള്‍ രാച്ചിയമ്മയാകുന്നത് പാര്‍വതിയാണ്.

കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള, ടോര്‍ച്ചടിക്കുന്നതു പോലെ ഇടിമിന്നല്‍ച്ചിരിയുള്ള, കറുത്തുനീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലെ നഖങ്ങളോടുകൂടിയ പെണ്ണ്…അതാണ് തന്റെ വരികളിലൂടെ ഉറൂബ് വായനക്കാരന്റെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച രാച്ചിയമ്മ.

ഇരുട്ടത്ത് കയ്യും വീശി കുതിച്ചുനടന്നു വരുന്ന രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല, കേട്ടറിയാനെ പറ്റൂ എന്നു കൂടി പറയുമ്പോള്‍ ആര്‍ക്കും മനസില്‍ തെളിയുന്ന പാത്രസൃഷ്ടിയിലൂടെ ഓരോ വായനക്കാരിലും കഥാകാരന്‍ ആഴത്തില്‍ വരച്ചിടുകയാണ് രാച്ചിയമ്മയെ. എന്നാല്‍, അതേ കഥാപാത്രത്തിന് സിനിമയെന്ന വലിയ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങിനെയാണ് അടിമുടി രൂപമാറ്റം വന്ന് മറ്റൊരാളായി മാറാന്‍ കഴിയുന്നത്? ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന വിശാല ആശയത്തെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ആയുധമാക്കി മാറ്റുന്നതെന്തിനാണ്? പ്രതിഷേധസ്വരങ്ങളെ അപരവത്കരണമെന്ന് സാധൂകരിക്കുന്നതെന്തിനാണ്?

എന്താണ് നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം? “കമ്മട്ടിപ്പാടം” എന്ന സിനിമയില്‍ കീഴാളരായി അഭിനയിച്ച വിനായകനും മണികണ്ഠനും സ്വന്തം പല്ലിനു പുറമെ പൊങ്ങിയ പല്ലുകള്‍ വെച്ചു കൊടുത്തതോ? അതോ കറുത്തവരെ വേലക്കാരിയും തോഴിയുമായൊതുക്കി, കറുത്ത കഥാപാത്രത്തിനായി വെളുത്ത നായികയെ കരിവാരിത്തേക്കുന്നതോ? കറുത്ത കഥാപാത്രത്തെ അവതരിപ്പിക്കാനായി വെളുത്ത നായികയെ തിരഞ്ഞെടുത്ത് കറുപ്പിക്കാതെ അഭിനയിപ്പിക്കുന്നതാണോ നിങ്ങള്‍ ഇതില്‍ ചൂണ്ടിക്കാട്ടുന്ന തനിമ?