ജിജോ ആന്റണിയുടെ 'അടിത്തട്ട്'; സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങള്‍, മോഷന്‍ പോസ്റ്റര്‍

സണ്ണി വെയ്‌നെയും ഷൈന്‍ ടോം ചാക്കോയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. “അടിത്തട്ട്” എന്ന പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിലെ കോവിഡ് പ്രതിസന്ധി മാറിയാല്‍ ഉടന്‍ തന്നെ ആരംഭിക്കും. ഖായിസ് മില്ലന്‍ തിരക്കഥ ഒരുക്കുന്നു.

ജയ പാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സൂസന്‍ ജോസഫും, സിന്‍ ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നെസ്സര്‍ അഹമ്മദും ഒരുക്കുന്നു.

Read more

അതേസമയം, പാപ്പാന്‍, കുറുപ്പ്, കുറ്റവും ശിക്ഷയും, വൃത്തം, ചെത്തി മന്ദാരം തുളസി, സാറാസ് എന്നിവയാണ് സണ്ണി വെയ്‌ന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഭീഷ്മ പര്‍വം, തമി, റോയ്, കുറുപ്പ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, വെള്ളേപ്പം, ജിന്ന് ബിബ്ലിയോ തുടങ്ങിയ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടെതായി ഒരുങ്ങുന്നത്.