ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’; ടീസര്‍ നാളെ എത്തും

‘ഈമയൗ’വിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ ടീസര്‍ നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് റിലീസ് ചെയ്യും. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ആരാധക പ്രതീക്ഷകള്‍ ഇരട്ടിയാക്കി.

ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കട്ട് ഒരുങ്ങുന്നത്. അറവുശാലയില്‍നിന്ന് കയര്‍ പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് ‘മാവോയിസ്റ്റ്.’

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാദരന്‍ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ളയാണ്. ഒക്ടോബര്‍ ആദ്യവാരം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് റിലീസിന് എത്തിക്കുന്നത്.