ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ നായകന്‍ ജയസൂര്യ; ഈ ടീമിന് ഒപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് താരം

അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സംവിധായകനും നടന്‍ അരുണ്‍ നാരായണനും ഒപ്പമുള്ള ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.

”ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതില്‍ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നു” എന്നാണ് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സൂണ്‍ എന്ന ക്യാപ്ഷനോടെയാണ് ടിനു പാപ്പച്ചന്‍ ജയസൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈശോ ആണ് ജയസൂര്യയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോണ്‍ ലൂദര്‍, റോജിന്‍ തോമസ് ഒരുക്കുന്ന കത്തനാര്‍ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജെല്ലിക്കെട്ടിന്റെ സഹസംവിധായകന്‍ ആയിരുന്നു ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സംവിധായകന്റെ ആദ്യ ചിത്രം. ഡിസംബര്‍ 23ന് റിലീസ് ചെയ്ത അജഗജാന്തരത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.