ജാമ്യമെടുക്കാതെ ജയസൂര്യയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കില്ല

കായല്‍ കൈയേറി ചുറ്റുമതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടന്‍ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജയസൂര്യയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ജാമ്യം എടുക്കാതെ എങ്ങനെയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയുക എന്നതാണ് കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വാദങ്ങള്‍ ഫെബ്രുവരി രണ്ടിന് കേള്‍ക്കും.

കായല്‍ കൈയേറ്റ കേസില്‍ അഞ്ചാം പ്രതിയാണ് നടന്‍ ജയസൂര്യ. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതിനു കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നാണു പരാതി. ഇതേത്തുടര്‍ന്നാണു ജയസൂര്യക്കു പാസ്‌പോര്‍ട്ട് പുതുക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നത്