ഇതൊരു മകന്‍ നല്‍കുന്നതായി കണ്ടാല്‍ മതി; ജീവന്‍ വെടിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് ജയസൂര്യ അഞ്ച് ലക്ഷം രൂപ നല്‍കി

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനിറങ്ങി ജീവന്‍ നഷ്ടമായ ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യ അഞ്ച് ലക്ഷം രൂപ നല്‍കി. ഫോണില്‍ ലിനുവിന്റെ അമ്മയുമായി സംസാരിച്ച താരം, ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുകയായിരുന്നു. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി കണ്ടാല്‍ മതിയെന്നുമാണ് ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

ബേപ്പൂര്‍ സ്വദേശിയാണ് ലിനു. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന വീട് മഴയെടുത്തപ്പോള്‍ ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറുകയും അവിടെ നിന്നു ലിനു കൂട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയുമായിരുന്നു.

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ലിനുവിന്റെ മൃതദേഹം കിട്ടിയത്.