തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും

Advertisement

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും. 25 വര്‍ഷമായി തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യുന്ന ജയറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഭാര്യ പാര്‍വതി, മക്കളായ കാളിദാസന്‍, മാളവിക എന്നിവര്‍ക്കൊപ്പമാണ് ജയറാം വോട്ട് ചെയ്യാനെത്തിയത്.

വിരുമ്പാക്കത്തെ പോളിംഗ് ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ചെന്നൈയില്‍ സ്ഥിര താമസമാക്കിയതോടെയാണ് വോട്ടും തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. എവിടെ ആയിരുന്നാലും വോട്ട് ചെയ്യാന്‍ എത്തും, വോട്ട് നമ്മുടെ കടമയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ സിനിമാതാരങ്ങള്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേരളത്തിലും ഇവിടെയും മത്സരിക്കുന്നവര്‍ എല്ലാവരും സുഹൃത്തുക്കളാണ് എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.

അതേസമയം, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, ശിവ കാര്‍ത്തികേയന്‍, ഉദയനിധി സ്റ്റാലിന്‍, അജിത്ത്, ശാലിനി തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്‌യുടെ വീഡിയോ വൈറല്‍ ആയിരുന്നു. പോളിംഗ് ബൂത്തിലേക്ക് നടന്നാണ് വിക്രം എത്തിയത്.