പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം “അല വൈകുണ്ഠപുരമുലോ”യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം “രാധേശ്യ”മിലാണ് ജയറാം വേഷമിടുന്നത്.

പ്രഭാസിനൊപ്പം രാധേശ്യാമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രഭാസിന് അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവുമെല്ലാം നേരില്‍ കാണാന്‍ സാധിച്ചുവെന്നും, രാധേശ്യാം വളരെ നല്ലൊരു ചിത്രമായിരിക്കുമെന്നും ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കൊമ്പന്‍ മീശയും താടിയും വെച്ച് സ്റ്റൈലന്‍ ലുക്കിലാണ് ജയറാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യം പ്രണയ ചിത്രമായാണ് ഒരുങ്ങുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് വേഷമിടുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇറ്റയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വര്‍ഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.