
കുടുംബ പശ്ചാത്തലങ്ങളേയും നന്മ നിറഞ്ഞ നാട്ടിന്‍പുറങ്ങളിലെ രസകരമായ കഥകളേയും അവിസ്മരണീയമാക്കി ലിയോ തദ്ദേവീസ് അണിയിച്ചൊരുക്കിയ ലോനപ്പന്റെ മാമ്മോദീസ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ജയറാം നായകനായെത്തിയ ചിത്രം ഒരു ഫീല്‍ ഗുഡ് മൂവിയാണെന്നാണ് പ്രേക്ഷക അഭിപ്രായം. ജനപ്രിയ നായകന്റെ ജനകീയ തിരിച്ചു വരവാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്നലെകളിലെ ജയറാമിനെ ഒരു പുത്തന്‍ കഥാ സാഹചര്യത്തിലൂടെ മലയാളികള്‍ക്ക് വീണ്ടും സമ്മാനിച്ചിരിക്കുകയാണ് ലിയോ തദേവൂസ്. നാട്ടുമ്പുറത്ത് വാച്ചുകട നടത്തുന്ന ലേനപ്പന്‍ എന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാത്ത ലോനപ്പന് എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ വരുന്ന അപ്രതീക്ഷിത മാറ്റങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്ന രേഷ്മ രാജന് നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇവ പവിത്രന്, നിഷ സാരംഗ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തന്, ഹരീഷ് കണാരന്, ഇന്നസന്റ്, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിംനോയ് മാത്യു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.