പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ജാവേദ് അക്തര്‍, മോദി ബയോപികിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആരാധകര്‍

വിവേക് ഒബ്‌റോയ് നായകനായെത്തുന്ന, നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിക്കെതിരേ ധാരാളം ട്രോളുകളും വിമര്‍ശനങ്ങളുമാണ് സസോഷ്യല്‍മീഡിയയിലുയരുന്നത്. ഇപ്പോഴിതാ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചതിനെതിരേയാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്ര കുമാര്‍ ഉപാധ്യായ, സര്‍ദാര, പരി ഇ. രവ്ലാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെയും പേര് കൊടുത്തിരിക്കുന്നത്.

എന്നാല്‍, താന്‍ ചിത്രത്തില്‍ ഗാനങ്ങളൊന്നും രചിച്ചിട്ടില്ലെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. “സിനിമയുടെ പോസ്റ്ററില്‍ എന്റെ പേര് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതില്‍ ഒരു ഗാനം പോലും ഞാന്‍ എഴുതിയിട്ടില്ല”-അക്തര്‍ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ ടൈറ്റില്‍ കാര്‍ഡിലാണ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയത്. ജാവേദ് അക്തര്‍ക്ക് ട്വിറ്ററില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ചിലര്‍ അക്തര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത് മറ്റേതോ ജാവേദ് അക്തറാകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അക്തറിന്റെ ട്വീറ്റ് ഒരു ദിവസം കൊണ്ട് തന്നെ ഇരുപതിനായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ഏഴായിരത്തിലേറെ പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, അക്തറിന്റെ ആരോപണത്തോട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.മേരി കോം ഒരുക്കിയ ഒമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയാകുന്നത്. ബൊമ്മന്‍ ഇറാനി, സെറീന വഹാബ് മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ഭിഷ്ട്, രാജേന്ദ്ര ഗുപ്ത എന്നിരവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഏപ്രില്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.