ചിരിപ്പിച്ച് ചിരിപ്പിച്ച് 'ജനമൈത്രി' പൊലീസ്; തരംഗമായി ട്രെയിലര്‍

ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ജനമൈത്രി   ഒരു മികച്ച കോമഡിചിത്രമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന ട്രെയിലറിനെ വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ ജനമൈത്രി പൊലീസായി രസിപ്പിക്കാനൊരുങ്ങുന്നത് നടന്‍ ഇന്ദ്രന്‍സും ബിഗ്‌ബോസ് താരം സാബുമോനും മറ്റുമാണ്.

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്. എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ക്ലീന്‍ കോമഡി എന്റര്‍ടെയ്‌നരാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്. ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോണ്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ മാസം 19 ന് തിയേറ്ററുകളിലെത്തും.