പലര്‍ക്കും പത്മ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് തോന്നാറുണ്ട്, പണമൊഴുക്കി നേടിയവരുമുണ്ട്: ജഗതിയുടെ മകള്‍ പാര്‍വതി

പലര്‍ക്കും പത്മ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് കരുതാറുണ്ടെന്ന് ജഗതിയുടെ മകള്‍ പാര്‍വതി. മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാന്‍ ജഗതിയ്‌ക്കൊപ്പം എത്തിയപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ജഗതിക്ക് ഇതുവരെ പത്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകാത്തത് എന്തു കൊണ്ടെന്നും പാര്‍വതി ചോദിക്കുന്നു.

“ഒരിക്കലും അവാര്‍ഡ് കിട്ടാത്തതിനെ പറ്റി അച്ഛന്‍ പരാതി പറയില്ല. ഇപ്പോള്‍ പറഞ്ഞതു ഞങ്ങള്‍ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു അവാര്‍ഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. നല്ല ആരോഗ്യവാനായി ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഇത്തരം അവാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം.”

“മമ്മൂട്ടി, ലാല്‍ എന്നിവരൊക്കെ പത്മ അവാര്‍ഡുകള്‍ നേടിയവരാണ്. അവരെപ്പോലെ പലര്‍ക്കും അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവര്‍ക്കും അങ്ങിനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതില്‍ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.” അവാര്‍ഡ് ചടങ്ങിന് ശേഷം മനോരമയുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

Read more

ഏഴു വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ പരസ്യചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു. തൃശ്ശൂരിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറക്ക് മുന്നില്‍ എത്തിയത്. ജഗതിക്കൊപ്പം മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിച്ച പരസ്യ കമ്പനിയായ “ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്” ആണ് ഈ പരസ്യചിത്രത്തിനു പിന്നില്‍.