‘കണ്ടോ കണ്ടോ ഇന്നോളം…’; മോഹന്‍ലാല്‍ പാടിയ ഇട്ടിമാണിയിലെ ഗാനം- വീഡിയോ

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ഇട്ടിമാണിയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ‘കണ്ടോ കണ്ടോ ഇന്നോളം…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മോഹന്‍ലാല്‍ മാനറിസങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീഡിയോ ഗാനം.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമാസംഗീതലോകത്തേക്കെത്തിയ ആരാധകരേറെയുള്ള വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്. ഒടിയനു ശേഷം മോഹന്‍ലാല്‍ പിന്നെയും പാടുന്നതും ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്ക് വേണ്ടിയാണ്. നവാഗതരായ ജിബി-ജോജു ടീം സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍.