സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ല; യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യു.സി.സി

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി.

അതേസമയം വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസി രൂക്ഷ വിമര്‍ശനം നടത്തി. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.

വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മൂന്ന് വനിത അംഗങ്ങള്‍ ഐ.സി.സിയില്‍ നിന്ന് രാജി വെച്ചിരുന്നു. നിലവില്‍ ഐ.സികമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. യോഗ ശേഷം നാല് മണിയ്ക്ക് ‘അമ്മ’ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

അതേസമയം കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് തടസ്സങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും വിഷയത്തില്‍ തങ്ങള്‍ നടിക്കൊപ്പം ആണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.