ഇന്ദ്രജിത്തിനും ലൂസിഫറിനും ആശംസകള്‍ നേര്‍ന്ന് ഇര്‍ഫാന്‍ പത്താന്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെയും ഹിന്ദിയിലേയും തമിഴിലേയും താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതിനേക്കാള്‍ ഉപരിയായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് സിനിമ പ്രേമികളെ ത്രസിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും വന്‍ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോളിതാ ആവേശമുണര്‍ത്തി ക്രിക്കറ്റ് ലോകത്തു നിന്നും ലൂസിഫറിന് ഒരു ആശംസ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് ഇന്ദ്രജിത്തിനും ലൂസിഫറിനും ആശംസയുമായി രംഗത്തെത്തിയത്.

ഇന്ന് പുറത്തിറങ്ങിയ ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് ആണ് ഇര്‍ഫാന്‍ പത്താന്‍ ആശംസകള്‍ അറിയിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സ്റ്റോറിയിലാണ് ഇര്‍ഫാന്‍ പത്താന്‍ ആശംസ നേര്‍ന്നത്. എല്ലാവിധ ആശംസകളും ഇന്ദ്രജിത്തിന് നേരുന്നെന്ന് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ കുറിച്ചു.

ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 22 ന് വൈകിട്ട് 6.30 ന് റിലീസ് ചെയ്യും. അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് ട്രെയിലര്‍ പുറത്തിറക്കുക. അബുദാബിയിലെ ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.