പ്രിയദർശനു മധ്യപ്രദേശ് സർക്കാരിന്റെ കിഷോർ കുമാർ അവാർഡ്; ഒന്ന് കാണാൻ ആഗ്രഹിച്ച ആളുടെ പേരിൽ ഉള്ള അവാർഡ് ലഭിക്കുന്നത് വലിയ സന്തോഷമെന്നു സംവിധായകൻ

സംവിധായകൻ പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ അവാര്‍ഡ്. രാജ്യത്തെ മികച്ച സിനിമാ പ്രതിഭകൾക്ക് മദ്ധ്യപ്രദേശ് സർക്കാർ നൽകുന്ന അംഗീകാരമാണ് കിഷോർ കുമാർ അവാർഡ്. രണ്ട് ലക്ഷം രൂപയും പ്രശസ്‍തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

ഗായകൻ കിഷോർ കുമാറിന്റെ ഓർമ്മക്കായാണ് മധ്യപ്രദേശ് ഗവർമെന്റ് ഈ അവാർഡ് ഏർപ്പെടുത്തിയത്. മധ്യപ്രദേശ് സർക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് ഈ അവാർഡ് നൽകുന്നത്. 1997 മുതൽ ഇന്ത്യൻ സിനിമക്ക് മികച്ച സംഭാവനകൾ നൽകിയവരെ ഈ അവാർഡിലൂടെ ആദരിക്കുന്നുണ്ട്.

കിഷോര്‍ കുമാറിനെ ഒരിക്കലെങ്കിലും കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് വച്ച് ലഭിച്ച പുരസ്‍കാരം വലിയ ബഹുമതിയാണെന്നും പ്രിയദര്‍ശൻ പറഞ്ഞു. മധ്യപ്രദേശ് സാംസ്‍കാരിക മന്ത്രി വിജയലക്ഷ്‍മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജന്മസ്ഥലമായ ഖണ്ഡ്വയില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. മരക്കാർ ചിത്രത്തിൻറെ പണിപ്പുരയിലാണ് പ്രിയദർശൻ