മോഹൻലാലിന്റെ താര സാന്നിധ്യവുമായി ഗോവ ചലച്ചിത്രോത്സവം; ഒടിയന്റെ കഥ പറയുന്ന സിനിമ മേളയിൽ പ്രദർശിപ്പിക്കും.

“ഒടിയൻ” സിനിമ ഇക്കഴിഞ്ഞ കുറെ കാലമായി പല നിലക്കും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഒടിയൻ സിനിമാ ചിത്രീകരണത്തിനിടെ നിർമിച്ച ഒരു ഡോക്യുമെന്ററി ആണ് ശ്രദ്ധ നേടുന്നത്. നോവിൻ വാസുദേവ് സംവിധാനം ചെയ്യുന്ന “ഇരവിലും പകലിലും ഒടിയൻ” എന്ന ഡോക്യുമെന്ററി ഗോവ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.

ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ എന്ന നടൻ നടത്തുന്ന യാത്രയുടെ രൂപത്തിലാണ് ഡോക്യുമെൻററി തയാറാക്കിയത്. സിനിമയുടെ ഷൂട്ടിനൊപ്പം ഈ ഡോക്യുമെന്ററി ടീമിന്റെ സാനിധ്യവും ഉണ്ടായിരുന്നു. കാശി , പാലക്കാട്, നിലമ്പൂർ ഭാഗങ്ങളിൽ വെച്ച് അതി സാഹസികമായാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. സിനിമ കൂടാതെ ഒടിയൻ എന്ന സങ്കല്പത്തെ കുറിച്ച് ചരിത്രകാരമാരും സാഹിത്യകാരന്മാരും അഭിപ്രായങ്ങളും അനുഭവങ്ങളും പറയുന്നതും ഡോക്യുമെന്ററിയിൽ ഉണ്ട്. ഒടിയൻ കെട്ടിയ ആൾക്കാരുടെ പിന്തലമുറക്കാരും ഡോക്യുമെന്ററിയുടെ ഭാഗം ആകുന്നുണ്ട്.

ഇത് ആദ്യമായാണ് മോഹൻലാൽ ഭാഗമാകുന്ന ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കുന്നത്. 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ രചന ടി. അരുൺകുമാറിന്റേതാണ്.അനന്ത ഗോപൻ ആണ് ക്യാമറ കൈകാര്യമ് ചെയ്യുന്നത്. പെർക്‌ഷൻ ആർട്ടിസ്റ്റും സംഗീതജ്ഞയുമായ ചാരു ഹരിഹരനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.