നിവിന്‍ പോളി ചിത്രത്തിനായി ഇന്ത്യയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനി

നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പടവെട്ട്. യുവ താരം സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ഈ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണ ആണ്. തൊണ്ണൂറു ശതമാനവും ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സാ.രേ.ഗാ.മ.പാ എത്തുകയാണ്.

ഇന്ത്യന്‍ സംഗീത വ്യവസായ ലോകത്തെ ഭീമന്മാരായ സാരേഗാമ സിനിമ, ഇപ്പോഴിതാ പടവെട്ടിലൂടെ അവര്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കാന്‍ പോവുകയാണ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലന്‍ ആണ്. സംവിധായകനായ ലിജു കൃഷ്ണ തന്നെ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്.

നിവിന്‍ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ഈ ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് നിര്‍മ്മിക്കുന്നത്.

ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. മുകളില്‍ പറഞ്ഞ താരങ്ങളെ കൂടാതെ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.