‘ചില രേഖകള്‍ കണ്ടെത്തി’യെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, വിജയ്‌യുടെ ഭാര്യയെയും ചോദ്യം ചെയ്യുന്നു

Advertisement

നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറാകുന്നു. വിജയ്‌യുടെയും  ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ”ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചില രേഖകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്”, എന്നാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

‘ബിഗില്‍’ സിനിമയുടെ നിര്‍മ്മാതാവും എജിഎസ് സിനിമാസിന്റെ ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും കണ്ടെടുത്തു എന്നാണ് വിവരം. ഇന്നലെ മുതല്‍ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.

വിജയ് ആരാധകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ദ്ധിപ്പിച്ചു. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.