പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢനീക്കം; അമിത്ഷായും പൂജ സിംഗാളും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംവിധായകനെതിരെ കേസെടുത്തു

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് സംവിധായകന്‍ അവിനാഷ് ദാസിനെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.

 

അഞ്ച് വര്‍ഷം മുമ്പുള്ള ചിത്രമാണിതെന്നും ഇപ്പോള്‍ അവിനാഷ് ഈ ചിത്രം പങ്കുവെച്ചത് വഴി അമിത് ഷായുടെ പ്രതിച്ഛായ നഷ്ടം വരുത്താനാണ് ഉദ്ദേശിച്ചതെന്നും പൊലീസ് പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രം ധരിച്ച യുവതിയുടെ ചിത്രം പങ്കുവെച്ചതിനും അവിനാഷിനെതിരെ കേസെടുത്തിട്ടുണ്ട്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് കേസ്.

 

‘അനാര്‍ക്കലി ഓഫ് അറാ’ എന്ന ചിത്രത്തിലൂടെയാണ് അവിനാഷ് ശ്രദ്ധേയനായത്. വിവിധ വകുപ്പുകളാണ് അവിനാഷിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി അവിനാഷിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.