ഐ.എഫ്.എഫ്‌.കെയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി. മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി) പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്വതന്ത്ര സിനിമകളുടെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍, ആസ്വാദകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് പുതിയതായി രൂപം നല്‍കിയ കൂട്ടായ്മയാണ് എംഐസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ്റമ്പതോളം അംഗങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

ഐഎഫ്എഫ്കെയില്‍ ഇത്തവണ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ ഭൂരിപക്ഷവും കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തതും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായതുമാണ്. തിയേറ്ററുകളിലെത്താത്തതും ഓണ്‍ലൈനില്‍ ലഭിക്കാത്തതുമായ സിനിമകള്‍ കാണുന്നതിനാണ് പ്രേക്ഷകര്‍ ചലച്ചിത്രോത്സവത്തിലേക്ക് വരുന്നതെന്നിരിക്കെ റിലീസ് ചെയ്തതും ഓണ്‍ലൈനില്‍ ലഭ്യമായതുമായ സിനിമകള്‍ ഉള്‍പ്പെടുത്തിയത് പ്രേക്ഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് എംഐസി പറയുന്നു.

എംഐസിയുടെ പ്രധാന ആവശ്യങ്ങള്‍

ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയര്‍ നടപ്പിലാക്കുക.

മലയാള സിനിമ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്‍ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികള്‍ ആകാന്‍ പാടില്ല. ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസി അംഗങ്ങളും ഭാരവാഹികളും ജൂറികളും കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ പാടില്ല.

മലയാള സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ക്ക് 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക

ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റി നിയമിക്കുക.

അടൂര്‍ കമ്മിറ്റി നിര്‍ദേശിച്ചതു പ്രകാരം തന്നെയുള്ള ഫിലിം മാര്‍ക്കറ്റ് നടപ്പിലാക്കുക.

സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ച മലയാളം സിനിമകള്‍ക്ക് കെഎസ്എഫ്ഡിസി തിയേറ്ററുകളില്‍ ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില്‍ അനുവദിക്കുക. ഹോള്‍ഡ് ഓവര്‍ സംവിധാനത്തില്‍നിന്നും ആ ഒരാഴ്ചത്തെ പ്രദര്‍ശനത്തെ ഒഴിവാക്കുക.

90 ശതമാനം പ്രീബുക്കിംഗ് ഫിസിക്കല്‍ ബുത്തുകള്‍ വഴി തന്നെ നടപ്പാക്കുക

ഐഎഫ്എഫ്കെയുടെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുക.