ഐഎഫ്എഫ്‌കെ 2019: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു. 1000 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. ഈമാസം 25ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 ആയിരിക്കും ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് യഥാക്രമം 500- ഉം 750- ഉം ആയിരിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ എട്ടിന് ആരംഭിച്ചിരുന്നു. 8500 പാസുകളാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ലഭ്യമാകുക. ആകെ പതിനായിരം ഡെലിഗേറ്റ് പാസുകളാണ് മൊത്തത്തില്‍ വിതരണം ചെയ്യുക.

ഡിസംബര്‍ 6 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. “മൂന്നാംലോക സിനിമ”യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.