ജയ് ആത്മാര്‍ഥതയുള്ള നടന്‍, ‘ബലൂണ്‍’ നിര്‍മ്മാതാക്കളുടെ വാദം തള്ളി സുന്ദര്‍

ബലൂണിന്റെ നിര്‍മ്മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ ജയ് ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സിനിമയുടെ റിലീസ് വൈകാന്‍ കാരണം താരത്തിന്റെ അലംഭാവമാണെന്നും കൃത്യമായി സെറ്റില്‍ വരികയോ ഷൂട്ടിങില്‍ പങ്കെടുക്കുകയോ ചെയ്യാത്തതു മൂലം ഒന്നരക്കോടി രൂപയോളമാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം തന്റെ കരിയര്‍ തകര്‍ക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളാണെന്ന പ്രത്യാരോപണവുമായി ജയ് തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ജയ്യുടെ വാദത്തെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രമായ കലകലപ്പ് 2 വിന്റെ സംവിധായകന്‍ സുന്ദര്‍ സി. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് ബലൂണിന്‌റെ നിര്‍മ്മാതാക്കളെ പരസ്യമായി കുറ്റപ്പെടുത്താതെ സുന്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയ് വളരെ ആത്മാര്‍ഥതയുള്ള നടനാണ്. അദ്ദേഹം മൂലമൊരു പ്രശ്‌നവും എനിയ്ക്ക് നേരിടേണ്ടതായി വന്നിട്ടില്ല. കലകലപ്പ് 2ന്‌റെ ഷൂട്ടിങ് കാര്യം തന്നെയെടുക്കാം. കോള്‍ഷീറ്റിലെ സമയം പുലര്‍ച്ചെ ഏഴുമണിയാണെങ്കില്‍ 6.45 തന്നെ അദ്ദേഹം സെറ്റിലുണ്ടാവും.