'പ്രഭാസ്' ചിത്രത്തിലേക്ക് ഓഡീഷന്‍, 'അര്‍ജുന്‍ റെഡ്ഡി സംവിധായകനെ'തിരെ കേസ്; സിനിമയെ വെല്ലുന്ന ഒരു കബളിപ്പിക്കല്‍

സിനിമാലോകത്തുനിന്ന് സിനിമയെ വെല്ലുന്ന ഒരു കബളിപ്പിക്കലിന്റെ കഥയാണ് പുറത്തുവരുന്നത്. പ്രഭാസിന്റെ ചിത്രത്തിനുവേണ്ടി മുംബൈയിലേക്ക് ഓഡീഷനു വരാന്‍ ആവശ്യപ്പെട്ട് നടി കൃതി ഗാര്‍ഗിനെയാണ് ഒരാള്‍ പറ്റിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൃതി അഭിനയിച്ച പുതിയ ചിത്രം രാഹുവിന്റെ സംവിധായകന്‍ സുബ്ബു വേദൂല ഹൈദരാബാദ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഓഡീഷന്‍ നടക്കുന്നുണ്ടെന്നും അതിനായി മുംബൈയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് വിളിച്ചതിനെത്തുടര്‍ന്ന് കൃതി ചെല്ലുകയായിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയാണെന്നാണ് വിളിച്ചയാള്‍ നടിയോടു പറഞ്ഞത്. സംഭാഷണത്തില്‍ സംശയം തോന്നാതെ നടി മുംബൈയിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എത്തി ചെല്ലാന്‍ പറഞ്ഞ സ്ഥലമന്വേഷിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടതാണെന്ന് നടിക്ക് മനസ്സിലായത്.

നടിയോടു സംസാരിച്ച് കാര്യങ്ങള്‍ അറിഞ്ഞ ശേഷം സംവിധായകന്‍ സുബ്ബു വെദൂല ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.