പ്രണവിന്റെ നായികമാരായി കല്യാണിയും ദര്‍ശനയും; 'ഹൃദയം'ട്രയാംഗിള്‍ ലവ് സ്റ്റോറിയോ?

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന “ഹൃദയം” ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഒരു പുല്‍മേട്ടില്‍ കിടക്കുന്ന മൂവരും കിടക്കുന്നതായാണ് ഫസ്റ്റ്‌ലുക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്.

42 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസ് നിര്‍മാണത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണിത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഹൃദയം. മനോഹരം, ഹെലന്‍ എന്നീ ചിത്രങ്ങളാണ് വിനീതിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ദേശീയ അവാര്‍ഡുകള്‍ അടക്കം നേടിയ ഹെലന്‍ നിര്‍മ്മിച്ചതും വിനീത് ആണ്.

May be an image of 1 person, flower, outdoors and text