മലയാള സിനിമാലോകം നായകന്മാര്‍ക്ക് ചുറ്റും, പാര്‍വതി നല്ല കഴിവുള്ള അഭിനേത്രിയാണെങ്കിലും ‘ഉയരെ’യിലും മുന്‍നിര നായകന്മാര്‍ അഭിനയിച്ചു; ഹണി റോസ്

മോളിവുഡ് ഇപ്പോഴും മുന്‍നിര നായകന്‍മാര്‍ക്കു ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണെന്ന് നടി ഹണി റോസ്. ഇവിടെ നായകന്‍മാര്‍ക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂവെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടി അഭിപ്രായപ്പെട്ടു.

‘ഒരു സിനിമയില്‍ കഥയുടെ ഇതിവൃത്തത്തില്‍ നായകന്‍ മുന്തി നില്‍ക്കണമെന്നു തന്നെയാണ് പ്രേക്ഷകര്‍ക്കും താത്പര്യം. മഞ്ജു ചേച്ചിയും (മഞ്ജു വാര്യര്‍) പാര്‍വതിയും സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഉയരെയില്‍ ആസിഫ് അലിയും ടൊവിനോ തോമസും അഭിനയിച്ചിട്ടുണ്ട്. പാര്‍വതി നല്ല കഴിവുള്ള അഭിനേത്രിയാണ്. എങ്കിലും അത്തരം സിനിമകളില്‍ പോലും മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്‍മാരെ തന്നെ അഭിനയിപ്പിക്കുന്നു.

എല്ലാ മേഖലയിലും ഉള്ളതു പോലെ ലിംഗവിവേചനം ഇവിടെയുമുണ്ട്. അതൊരു സത്യമാണ്. സ്ത്രീവിവേചനം പ്രമേയമാക്കി വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ അടുത്ത പ്രൊജക്ട്. എഴുത്തുകാരിയും ഡോക്ടറുമായ വീണയാണ് ഈ ആശയം പറഞ്ഞ് എന്നെ സമീപിച്ചത്. ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതാണ്.

ലാല്‍ സാറിന്റെ നേതൃത്വത്തില്‍ ഇനി ധാരാളം മാറ്റങ്ങളുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി സ്ത്രീയെ നിയമിക്കാനും കമ്മിറ്റി അംഗങ്ങളില്‍ നാല്‍പതു ശതമാനമെങ്കിലും സ്ത്രീകളെ ഉള്‍പ്പെടുത്താനും അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. ഹണി കൂട്ടിച്ചേര്‍ത്തു.