കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസിന്റെ അടുത്ത ഇന്ത്യന്‍ സിനിമ; പ്രഖ്യാപനം നാളെ

Advertisement

‘കെജിഎഫി’ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ‘കെജിഎഫ് ചാപ്റ്റര്‍ 2’-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് വിവരങ്ങളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ നാളെ ഉച്ചയ്ക്ക് 2.09-ന് പ്രഖ്യാപിക്കും.

മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മ്മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്. കന്നഡയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹോംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരാഗന്ദൂര്‍, സിനിമാ സംവിധാന രംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭാധനനായ പ്രശാന്ത് നീല്‍ എന്ന സംവിധായകനെ കണ്ടുമുട്ടുന്നതോടെയാണ് കെജിഎഫ് എന്ന മാസ്റ്റര്‍പീസ് സിനിമയുടെ ജനനം.

കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വലിയൊരു നാഴികക്കല്ലായി. ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1.

പൂര്‍ത്തിയാകാനിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2-വിനും ഡിസംബര്‍ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിനും പുറമേ കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന ‘യുവരത്ന’ എന്ന ചിത്രമടക്കം മൂന്ന് മെഗാ പ്രൊജക്ടുകളുടെ പണിപ്പുരയിലാണ് ഹോംബാലെ ഫിലിംസ്.