വനിതാ സംവിധായകര്‍ക്ക് മൂന്ന് കോടി രൂപ നല്‍കുന്ന പദ്ധതിയില്‍ ക്രമക്കേട്; കെ.എസ്.എഫ്.ഡി.സി നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനായി മൂന്ന് കോടി നല്‍കുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) പദ്ധതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത രണ്ട് വനിതാ സംവിധായകര്‍ക്ക് ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കാനിരുന്നത്.

താരാ രാമാനുജം, ഐ.ജി മിനി എന്നിവരെയാണ് കെഎസ്എഫ്ഡിസി തിരഞ്ഞെടുത്തിരുന്നത്. ഈ തിരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങള്‍ ലംഘിച്ചാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കെഎസ്എഫ്ഡിസിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

തിരഞ്ഞെടുപ്പ് തിരക്കഥയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 62 തിരക്കഥകള്‍ തിരഞ്ഞെടുത്തു. അതില്‍ നിന്നും മികച്ച 20 എണ്ണം തിരഞ്ഞെടുത്ത് അവസാന റൗണ്ട് വരെ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വിശദീകരണം നല്‍കാന്‍ കോടതി കെഎസ്എഫ്ഡിസിയോടു ആവശ്യപ്പെട്ടു.