ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ വിളിച്ച സിനിമാ സംഘടനകളുടെ യോഗം ബുധനാഴ്ച

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സിനിമാ സംഘടനകളുടെ യോഗം ബുധനാഴ്ച നടക്കും. മെയ് നാലിന് രാവിലെ 11 മണിക്കാണ് യോഗം. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുക.

യോഗത്തില്‍ അമ്മ, ഡബ്ലുസിസി, ഫെഫ്ക, മാക്ട, ഫിലിം ചേംബര്‍ എന്നിങ്ങനെ സിനിമ മേഖലയിലെ എല്ലാ സംഘടനകളും പങ്കെടുക്കും. കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. സംഘടനകളുടെ തീരുമാനം അറിഞ്ഞതിന് ശേഷം നിയമ നിര്‍മ്മാണം നടത്തുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മ്മാണമാണ് പോംവഴിയെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടന്ന സര്‍ക്കാര്‍ വാദം തള്ളി ഡബ്ല്യുസിസി രംഗത്തെത്തിയതിന് പിന്നാലെ സംഘടന അടിയന്തിര യോഗം ചേരുകയാണ്. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് മന്ത്രി പി രാജീവിന്റെ നിലപാടുകള്‍ തള്ളി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് നിലപാടെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.