‘ബാലകൃഷ്ണ ഗാരു ദേഷ്യപ്പെട്ടിട്ടില്ല, എന്റെ കൈ തട്ടിമാറ്റിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്’; വിശദീകരണവുമായി നടന്‍ ഹര്‍ഷ്

‘സേഹരി’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ രോഷാകുലനായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങിനിടെ ചിത്രത്തിലെ യുവ നടന്‍ ഹര്‍ഷ് കനുമിള്ളി ബാലകൃഷ്ണയെ ‘അങ്കിള്‍’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്‌നമായത്.

‘അങ്കിള്‍’ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുന്നത് കാണാം. ഹര്‍ഷ് ഉടന്‍ ‘സോറി സര്‍, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ അസ്വസ്ഥനായ ബാലകൃഷ്ണ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുന്നതും, പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ തട്ടിമാറ്റുന്നതും കാണാം.

സംഭവം വിവാദമാവുകയും ട്രോളുകളും പ്രചരിച്ചതോടെ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സേഹരി ടീം. ”ബാലകൃഷ്ണ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഇടതുകൈ കൊണ്ടാണ് ഞാന്‍ ആദ്യം പോസ്റ്റര്‍ പിടിക്കാന്‍ ശ്രമിച്ചത്. ഇതെന്റെ അരങ്ങേറ്റ ചിത്രമായതിനാല്‍ അത് ശുഭകരമല്ല എന്നു കരുതിയാണ് ബാലകൃഷ്ണ കൈ തട്ടിമാറ്റിയത്” എന്നാണ് ഹര്‍ഷ് പറയുന്നത്.

ബാലകൃഷ്ണ ഗാരു നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതില്‍ നന്ദിയുണ്ടെന്നും ഹര്‍ഷ് വ്യക്തമാക്കി.