നീ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല, പുരോഗമന സംഘടനകളും സുഖനിദ്രയിലാണ്: അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്വര്‍ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണിനെയും ബന്ധപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചതോടെയാണ് അഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. നിലപാടുകള്‍ തുറന്നു പറഞ്ഞതില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ലെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എന്റെ നല്ല സുഹൃത്താണ് ഞാന്‍ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്…ഒരു പ്രണയവിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK…ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്‌തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…

അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശ്നമാണ് സദാചാര കോമാളികള്‍ക്ക്…ഞങ്ങള്‍ സദാചാര വിഡ്ഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്…നി എന്റെ വീട്ടില്‍ ജനിക്കാത്ത ദുഃഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം…

അഹാനയ്ക്ക് പിന്തുണയുമായി അച്ഛനും നടനുമായ കൃഷണകുമാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റു ചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോള്‍ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മള്‍ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാപുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ് എന്നാണ് കൃഷ്ണ കുമാര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞത്.

എന്റെ നല്ല സുഹൃത്താണ് ഞാൻ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ…

Posted by Hareesh Peradi on Friday, July 31, 2020