സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ കറുത്ത കണ്ണട അത്യാവശ്യമാണ്: പരിഹാസവുമായി ഹരീഷ് പേരടി

മുഖം നോക്കാതെ വിമര്‍ശിക്കുന്ന കൂട്ടത്തിലാണ് നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയമായാലും സിനിമയായാലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാന്‍ ഹരീഷിന് ഒരു മടിയുമില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹരീഷിന്റെ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ ഹരീഷിന്റെ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത് സിനിമയിലേയ്ക്കാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ കറുത്ത കണ്ണട അത്യാവശ്യമാണെന്നാണ് ഹരീഷിന്റെ പരിഹാസം.

“സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ ഈ കറുത്ത കണ്ണട അത്യാവശ്യമാണ്… കാരണം എല്ലാ കാഴ്ച്ചകള്‍ക്കും ഒരേ നിറമായതു കൊണ്ട് എല്ലാത്തിന്നേയും നമുക്ക് ഒന്നായി കാണാന്‍ പറ്റും … അതു കൊണ്ട് പ്രത്യേകിച്ച് ഒന്നിനോടും പ്രതികരിക്കേണ്ട കാര്യമില്ലാ..പിന്നെ നമ്മുടെ വികാരങ്ങളൊന്നും ആര്‍ക്കും മനസ്സിലാവില്ലാ എന്ന ഊളത്തരവും നമുക്ക് വിശ്വസിക്കാന്‍ പറ്റും .. നിര്‍മ്മാതാക്കള്‍ ശമ്പളം തരുമ്പോള്‍ മാത്രം ഊരിയാല്‍ മതി.. നമ്മുടെ വികാരം അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി.” ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കറുത്ത കണ്ണട ധരിച്ചുള്ള തന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ഉയരെയെ വിമര്‍ശിച്ച് ഹരീഷ് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനും മുമ്പ് പ്രളയബാധിതരെ സഹായിക്കാന്‍ തന്റെ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച പൃഥ്വിരാജിനെയും ഹരീഷ് പരിഹസിച്ചിരുന്നു. ഇതിനൊക്കെ ഏറെ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.