നടി അനുശ്രീക്ക് എതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി; ചട്ടം ലഘിച്ച് പരസ്യചിത്രം നിര്‍മ്മിച്ചതായി ആരോപണം

നടി അനുശ്രീക്ക് എതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി. ദേവസ്വം ഭരണസമിതി നല്‍കിയ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ചു എന്നാണ് ആരോപണം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്സ്ത് സെന്‍സ് എന്നീ കമ്പനികള്‍ക്ക് എതിരെയും കൂടിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമായ നേച്ചര്‍ പ്രൊട്ടക്ട് എന്ന സാനിറ്റൈസേഷന്‍ പ്രൊഡക്ട് ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് വഴിപാട് നല്‍കുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജനുവരി 12 മുതല്‍ 15 വരെ ക്ഷേത്രത്തില്‍ സാനിറ്റെസേഷന്‍ നടത്തുന്നതിനായും അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

ഇതിന് ദേവസ്വം ഭരണസമിതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പോലീസിന് സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്.

Read more

കൂടാതെ അനുശ്രീ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണ് എന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം നടത്തിയതിനും ക്ഷേത്ര പരിസരത്ത് സാനിറ്റൈസര്‍ കമ്പനിയുടെ മുദ്ര പതിപ്പിച്ചതും വിവാദമായിരുന്നു.