പുതിയ സിനിമയില്‍ കപ്പലണ്ടിക്കാരന്റെ വേഷം; ഗിന്നസ് പക്രുവിന് കപ്പലണ്ടി കൊണ്ട് തുലാഭാരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്‍ ഗിന്നസ് പക്രുവിന് കപ്പലണ്ടി കൊണ്ട് തുലാഭാരം. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍ തുലാഭാരം നടത്തിയത്. പുതിയ സിനിമയില്‍ കപ്പലണ്ടിക്കാരന്റെ വേഷമാണ് ഗിന്നസ് പക്രുവിന്. അതുകൊണ്ടാണ് തുലാഭാരത്തിന് കപ്പലണ്ടി തിരഞ്ഞെടുത്തത്.

സംവിധായകന്‍ രാംദാസ്, നിര്‍മാതാവ് സജിത്, ബാബു ഗുരുവായൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഇളയരാജ റിലീസിങ്ങിനൊരുങ്ങുകയാണ്. അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് ഒരുക്കുന്ന ചിത്രമാണിത്. ഗിന്നസ് പക്രു വനജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്.

ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ടി ജോര്‍ജ്ജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.