സിനിമ പ്രവര്‍ത്തകരെ വിലക്കാനും മാറ്റി നിര്‍ത്താനും ഇനി സര്‍ക്കാര്‍ സംവിധാനം; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനവും സര്‍ക്കാര്‍ വക

സിനിമ രംഗത്തെ സമഗ്ര മാറ്റത്തിനുള്ള കരടുനിയമവുമായി സര്‍ക്കാര്‍. തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനും മറ്റുമായി സര്‍ക്കാര്‍ സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. റഗുലേറ്ററി അതോറിറ്റി നിലവില്‍ വരുന്നതോടെ തര്‍ക്കങ്ങളും പരാതികളും സിനിമ മേഖലയിലെ സംഘടനകള്‍ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാകും. സിനിമ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ഈ അതോറിറ്റി ആവും കൈകാര്യം ചെയ്യുക.

അതോറിറ്റി വരുന്നതോടെ സിനിമ പ്രവര്‍ത്തകരെ വിലക്കാനും മാറ്റി നിര്‍ത്താനും സംഘടനകള്‍ക്ക് അവകാശമുണ്ടാകില്ല. സിനിമ നിര്‍മ്മാണ രജിസ്‌ട്രേഷനും സര്‍ക്കാര്‍ സംവിധാനം വരും. സംഘടനകളിലെ രജിസ്‌ട്രേഷന് പ്രബല്യമുണ്ടായിരിക്കില്ല. നിര്‍മ്മാണം വിതരണം എന്നിവ ഉള്‍പ്പടെയുള്ള എല്ലാ പരാതികളും അതോറിട്ടിയില്‍ നല്‍കാം. റിട്ട.ജില്ല ജഡ്ജിയായിരിക്കും അതോറിറ്റി അധ്യക്ഷന്‍.

അതോടൊപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന്റെ 90 ശതമാനവും സ്വകാര്യ ആപ്പ് കമ്പനി വഴിയാണ് ഇപ്പോള്‍ നടക്കുന്നത്. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.