അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഗോകുല്‍; മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്ന് സുരേഷ് ഗോപി

മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകുകയും  ചെയ്തു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുരേഷ് ഗോപി. ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്.

തമിഴരസന്റെ സെറ്റില്‍ മകന്‍ ഗോകുല്‍ സുരേഷും മകള്‍ ഭവാനിയും എത്തിയ വിവരം സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചു. പോസ്റ്റില്‍ മകന്‍ ഗോകുല്‍ തന്നോട് പറഞ്ഞ കാര്യം സുരേഷ് ഗോപി കുറിച്ചു. അച്ഛനെ ഇങ്ങിനെ ക്യാമറയുടെയും ലൈറ്റുകളുടെയും കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ലോകത്തു അഭിനേതാവായി കാണാന്‍ ആണ് എന്നും താന്‍ ആഗ്രഹിച്ചിട്ടുള്ളത് എന്നും വീണ്ടും അച്ഛനെ അങ്ങിനെ കാണുന്നത് ഒരുപാട് സന്തോഷം നല്‍കുന്നു എന്നുമാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.

മകന്റെ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ തൊട്ടു എന്നാണ് സുരേഷ് ഗോപി പറയുന്നത്. എങ്കിലും ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്ള തന്റെ കടമയും ഉത്തരവാദിത്വങ്ങളും താന്‍ മനസ്സിലാക്കുന്നു എന്നും രാജ്യത്തോടുള്ള തന്റെ കടമ താന്‍ നിര്‍വഹിക്കുമെന്നും സുരേഷ് ഗോപി കുറിപ്പില്‍ പറഞ്ഞു.

My son Gokul and my youngest daughter Bhaavni came to the sets of #Thamizharasan . Gokul stood a lil away from me with…

Posted by Suresh Gopi on Tuesday, 12 March 2019

 

‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരന്‍ ഒരുക്കുന്ന ‘തമിഴരശന്‍’ ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ആണ്. ആര്‍ ഡി രാജശേഖര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ് എന്‍ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.