ഫഹദിന് സര്‍പ്രൈസ്, നൃത്തം ചെയ്ത് ചിത്രം വരച്ച് പെണ്‍കുട്ടി

39-ാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്ത് ചിത്രം വരച്ച് പെണ്‍കുട്ടി. നിയമ വിദ്യാര്‍ത്ഥിനിയായ അശ്വത കൃഷ്ണ ആണ് നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തില്‍ ഫഹദിന്റെ ചിത്രം വരച്ചത്.

എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ഒരു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം വരച്ചത്. നൃത്തം ചെയ്യുമ്പോള്‍ കാലു കൊണ്ട് പടം വരയ്ക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി തെന്നി വീഴാനുള്ള സാദ്ധ്യതയാണെന്ന് അശ്വതി പറയുന്നു.

ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന്റെ മകളാണ് അശ്വതി കൃഷ്ണ. ഡാവിഞ്ചി സുരേഷ് തന്നെയാണ് അശ്വതിയുടെ ഡാന്‍സിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എഐഎം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.