'വരനെ ആവശ്യമുണ്ട്' കാണാനുള്ള അഞ്ച് കാരണം

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കുന്ന “വരനെ ആവശ്യമുണ്ട്” നാളെ തിയേറ്ററുകളിലെത്തുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

ഏറെ പ്രത്യേകതകളോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1996–ല്‍ പുറത്തിറങ്ങിയ “രജപുത്രന്‍” എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ നായികനായകന്‍മാരായി അഭിനയിച്ചത്. 2005-ല്‍ എത്തിയ “മകള്‍ക്ക്” എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

Image may contain: 2 people, people standing, beard and outdoor

സുരേഷ് ഗോപിയുടെ മാസ് എന്‍ട്രിക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2015-ല്‍ എത്തിയ “മൈ ഗോഡ്” ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഏഴ് വര്‍ഷത്തിനു ശേഷമാണ് ശോഭന വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. “തിര” ആയിരുന്നു ശോഭന ഒടുവില്‍ അഭിനയിച്ച ചിത്രം.

ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ആദ്യമായി ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചത്. 14 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ്‌ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്നറാണെന്ന സൂചന നല്‍കി കൊണ്ടാണ് ട്രെയിലര്‍ എത്തിയത്. 15 ലക്ഷത്തിലധികം വ്യൂസ് ആണ് ടീസറിന് ലഭിച്ചത്.

Image may contain: 2 people, beard

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് വരനെ അവശ്യമുണ്ട്. കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി പ്രൊഡ്യൂസറുടെ കുപ്പായമണിയുകയാണ്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തും. ചിത്രം തിയേറ്ററില്‍ വന്‍ വിജയം ആകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.