പൊന്നിയിന്‍ സെല്‍വന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; ഗാനരചയിതാവിന്റെ പേരില്ല; കാരണം

മണിരത്‌നത്തിന്റെ സ്വപ്നചിത്രം “പൊന്നിയില്‍ സെല്‍വന്റെ” ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്ററില്‍ ഗാനരചയിതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതിന്റെ കാരണമന്വേഷിക്കലിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. വൈരമുത്തുവാണ് മണിരത്നത്തിന്റെ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കാറുള്ളത്. മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വൈരമുത്തുവിന്റെ പേര് ഒഴിവാക്കിയതാവാമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം തായ്‌ലാന്‍ഡില്‍ തുടങ്ങിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, തൃഷ, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ മലയാളത്തില്‍ നിന്ന് ലാല്‍, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പന്‍ താരങ്ങളെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണിരത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ നോവലാണ് “പൊന്നിയിന്‍ സെല്‍വന്‍”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.