സാമ്പത്തിക തട്ടിപ്പ് കേസ്; ധര്‍മ്മജന്റേയും 'ധര്‍മ്മൂസ് ഫിഷ് ഹബ്' പങ്കാളികളുടേയും ഇടപാടുകള്‍ പരിശോധിക്കും

ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അക്കൗണ്ട് വഴി 43.31 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് ആലിയാറിന്റെ പരാതി. പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നത്.

കേസിനാസ്പദമായ 2019-20 വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. പരാതിക്കാരനായ ആസിഫ് അലിയാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നായിരുന്നു പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതിലൂടെ തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി വ്യവഹാരപരമായി ബന്ധമില്ലെന്നും ധര്‍മ്മജന്‍ വിശദീകരിച്ചു. ധര്‍മ്മൂസ് ഹബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് നടന്റെ വിശദീകരണം.