'കളിമണ്ണിനു ശേഷം താരമൂല്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കാത്തതെന്ത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഓട്ടം'; തോമസ് തിരുവല്ല

മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തുന്ന ഓട്ടം ചിത്രത്തിന് “യു” സര്‍ട്ടിഫിക്കറ്റ്. കളിമണ്ണിന് ശേഷം തോമസ് തിരുവല്ലയുടെ “ഓട്ടം” ഒട്ടേറെ പുതുമകളുമായാണ് എത്തുന്നത്. നവാഗതരാണ് ചിത്രത്തിലെ നായകന്മാരും സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും. ജീവിതത്തില്‍ ഓരോ മനുഷ്യരും കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവസരങ്ങള്‍ നഷ്ടമാവുക എന്നത്. നമുക്ക് കിട്ടാത്ത അവസരങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ നമ്മുടെ ശത്രുവല്ല. നമുക്കയാളെ അറിയാനും കഴിയുന്നില്ല. ജീവിതത്തിലുടനീളം നമ്മള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയാണ് ഓട്ടം എന്ന ചിത്രത്തിന്റെ കഥാന്തരീക്ഷം.

വളരെ രസകരമായും കൗതകവുമായാണ് കഥ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്വഭാവിക സംഭാഷണങ്ങളും യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. കഥയിലുള്ള പുതുമയാണ് “ഓട്ടം” സിനിമയാക്കാന്‍ പ്രേരണയായതെന്ന് നിര്‍മ്മാതാവ് തോമസ് തിരുവല്ല പറയുന്നു.

“മലയാള സിനിമ വളരെ വലിയ ഒരു മുന്നേറ്റത്തിന്റെ വഴിയിലാണ്. പുതിയ ആശയങ്ങളെയും റിയലിസ്റ്റിക് സിനിമയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സിനിമയെ കുറിച്ച് വളരെ ആവേശത്തോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സുഹൃത്തുക്കള്‍ക്കിടയിലുള്ള സംസാരങ്ങള്‍ പോലും ഇത്തരം സിനിമകളെ കുറിച്ചാണ്. മലയാള സിനിമയിലെ ഈ മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനാണ് എനിക്കും ഇഷ്ടം. ഓട്ടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു സിനിമയായിരിക്കില്ല എന്ന് ഞാന്‍ ഓരോ പ്രേക്ഷകര്‍ക്കും ഉറപ്പു നല്‍കുന്നു. ഓട്ടം സിനിമയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയാണിത്.”

“ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിര്‍മ്മിച്ചതിനു ശേഷം ഞാന്‍ താരമൂല്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കാത്തത് എന്താണ് എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം. ഓട്ടം ഇഷ്ടപ്പെട്ടാല്‍ ഈ ചിത്രം വിജയിപ്പിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ. നിങ്ങള്‍ പറയുന്ന അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുക.” സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ തോമസ് തിരുവല്ല പറഞ്ഞു.

Read more

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ്. വി. എസ് വിശാല്‍ എഡിറ്റിംഡ് നിര്‍വ്വഹിച്ചിരിക്കുന്നു. നന്ദു ആനന്ദ്, റോഷന്‍ ഉല്ലാസ്, അലന്‍സിയര്‍, രോഹിണി, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, റാജേഷ് ശര്‍മ്മ, മുന്‍ഷി ദിലീപ്, തെസനിഖാന്‍, ശശാങ്കന്‍, അല്‍ത്താഫ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രം നാളെ തിയേറ്ററുകളിലെത്തും.