'ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നു'; പൊട്ടിക്കരഞ്ഞ് താരങ്ങള്‍, നേരിട്ടെത്തി വിക്രവും തൃഷയും സൂര്യയും

നടന്‍ വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി നേരിട്ടെത്തി താരങ്ങള്‍. വിക്രം, സൂര്യ, ജ്യോതിക, തൃഷ, യോഗി ബാബു, കാര്‍ത്തി, വൈരമുത്തു, സൂരി, എം.എസ് ഭാസ്‌ക്കര്‍, നസീര്‍, ഇമ്മന്‍ അണ്ണാച്ചി, വൈയ്യാപുരി എന്നിവര്‍ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി. വിജയ്‌യുടെ അമ്മ ശോഭയും താരത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനായെത്തി.

വിവേകിന്റെ വിയോഗത്തില്‍ ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാന്‍ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നു എന്ന് ഖുശ്ബു കുറിച്ചു.

വിവേകിന്റെ മരണത്തില്‍ താന്‍ തകര്‍ന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാല്‍ കൈകള്‍ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. മലയാളി താരങ്ങളും വിവേകിന് ആദരാഞ്ജലികള്‍ അറിയിച്ചു.

മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമല്‍ഹാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകന്‍ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലും താരമുണ്ട്.