എന്തോരം എന്തോരം...; ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മനോഹര ഗാനം പുറത്തിറങ്ങി

ഷാഫി-റാഫി ടീമിന്റെ പുതിയ ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഗാനം പുറത്തിറങ്ങി. എന്തോരം എന്തോരം…എന്നു തുടങ്ങുന്ന മനോഹരഗാനമാണ് റിലീസ് ചെയ്തത്. നജിം അര്‍ഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി. ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദീന്‍, ധ്രുവന്‍ , ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായാണ് എത്തുന്നത്.

മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷാഫി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊച്ചിന്‍ ഫിലിമ്‌സിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫൈസല്‍ അലി ആണ് ഛായാഗ്രഹണം. മൂന്നാറിലും എറണാകുളത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളില്‍ എത്തും.