'ഷെയ്ന്‍ ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം കാണിക്കൂ'; നിര്‍മ്മാതാക്കളെ പിന്തുണച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന

ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളെ പിന്തുണച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. നിര്‍മ്മാതക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഷെയ്ന്‍ ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം കാട്ടണമെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. “സ്വന്തം തൊഴിലിനോട് ഒരു കടപ്പാട് വേണം, ഉത്തരവാദിത്വം വേണം. അത് ഷെയ്‌ന് ഉള്ളതായി തോന്നുന്നില്ല.” ഫിയോക് അംഗം ബോബി പറഞ്ഞു.

ഇതിനിടെ മുടങ്ങിപ്പോയ ചിത്രങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച യോഗം ചേരും. അതോടൊപ്പം നടന്‍ ഷെയ്ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്നു ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഐ.ഐ.എഫ്.കെയില്‍ എത്തിയപ്പോള്‍ ഷെയ്ന്‍ നടത്തിയ പ്രതികരണം ആണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ചര്‍ച്ചക്ക് ഇനി മുന്‍കൈ എടുക്കില്ലെന്ന നിലപാടില്‍ ആണ് അമ്മ സംഘടന. ഈ മാസം 22-ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിലും ഷെയിന്‍ പ്രശ്നം പ്രത്യേക വിഷയം ആയി ചര്‍ച്ചക്ക് എടുക്കാന്‍ സാദ്ധ്യത കുറവാണ്.