മോഹന്‍ലാല്‍ പറഞ്ഞത് അങ്ങനെയല്ല; ആന്റണി പെരുമ്പാവൂരിന്റെ വാദം തള്ളി ഫിയോക്ക് പ്രസിഡന്റ്

മരക്കാര്‍ ഒടിടിയിലേക്ക് പോകുന്ന കാര്യം മോഹന്‍ലാലുമായി മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളതെന്ന ആന്റണി പെരുമ്പാവൂരിന്റെ രാജികത്തിലെ വാദത്തിനോട് പ്രതികരിച്ച് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ .

വിഷയവുമായി ബന്ധപ്പെട്ട് താന്‍ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. എന്നാല്‍ എല്ലാ തീരുമാനവും നിര്‍മ്മാതാവിന്റേതായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസില്ല. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും ഫിലിം ചേംബറും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയേറുന്നത്.

വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ആന്റണി പെരുമ്പാവൂരും തിയേറ്റര്‍ ഉടമകളും തയ്യാറാവാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒ.ടി.ടിയില്‍ നിന്ന് വലിയ തുക കിട്ടുമെങ്കില്‍ അതേ തുക തിയേറ്ററുകാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം. ഓരോ തിയേറ്റര്‍ ഉടമകളും 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു. മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തിലില്ലെന്നും, അഡ്വാന്‍സായി 10 കോടി നല്‍കാമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്.

Read more

ശനിയാഴ്ച നടന്ന ഫിയോക് എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍, മരക്കാര്‍ തിയേറ്റര്‍ റിലീസിംഗിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും ഫിലിം ചേംബറും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നായിരുന്നു തിയേറ്റര്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.