'മോഹന്‍ലാല്‍ നടനല്ല ബിസിനസുകാരന്‍, ഞങ്ങള്‍ രണ്ട് വര്‍ഷമായി വഞ്ചിക്കപ്പെടുന്നു'

 

ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി വിഷയത്തില്‍ പ്രതികരണവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ മോഹന്‍ലാലാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്ക് നല്‍കിയതെന്ന് വിജയകുമാര്‍ പറഞ്ഞു.

മരക്കാറിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഇവരുടെയൊക്കെ മുഖങ്ങളും പ്രകടനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തീരുമാനിക്കണം. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”

”മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ കലാകാരന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി എന്നതാണ്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019 ഡിസംബറില്‍ സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ എന്നത് തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് മോാഹന്‍ലാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒടിടിക്കെതിരെ അന്ന് ശബ്ദം ഉയര്‍ത്തിയ സിനിമാതാരം മോഹന്‍ലാലാണ്. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണ്.”

അതേസമയം, മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.