മോഹന്‍ലാല്‍ മടങ്ങി വരട്ടെ, ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാം: ഫെഫ്ക

വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങി വരട്ടെ, ഷെയ്ന്‍ നിഗം വിവാദത്തില്‍ ചര്‍ച്ചയാകാമെന്ന് ഫെഫ്ക. ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയൊണ് ഇക്കാര്യം പറഞ്ഞത്.

ഫെഫ്കയും “അമ്മ”യുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പു കൊടുക്കേണ്ടത്. ഷെയ്നിന്റെ സംസാരരീതിയിലെ അതൃപ്തി മൂലം ഉടനെ ചര്‍ച്ചയ്ക്കില്ലെന്ന് അവര്‍ ഒരു തീരുമാനമെടുത്തിരിക്കയാണ്. അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. വിഷയത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഷെയിനിന്റെ മാപ്പുപറച്ചിലിനെ നിര്‍മ്മാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. 22-ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ ഷെയ്ന്‍ നിഗം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഷെയ്ന്‍ ക്ഷമാപണം നടത്തിയും രംഗത്ത് വന്നിരുന്നു. താന്‍ നിര്‍മ്മാതാക്കളെ മുഴുവന്‍ ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്നും താനങ്ങനെ മനസ്സില്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.