'സിനിമാ നടിമാരെല്ലാം പോക്കാണ്'; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപട സദാചാരബോധത്തെ കുറിച്ച് വൈറല്‍ കുറിപ്പ്

സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു നേരെയുള്ള സൈബറാക്രമണം ഇപ്പോഴും കുറഞ്ഞിട്ടില്ല
അതിനിടെ വിമര്‍ശനങ്ങള്‍ക്ക് ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമൃത സുരേഷും ഗോപിസുന്ദറും. തങ്ങളെ വിമര്‍ശിക്കുന്ന തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ, മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി മാറിനിന്ന് കുറ്റം പറയുന്ന മലയാളി മനസ്സിന്റെ പക്വതയില്ലായ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. ഗോപി സുന്ദറും അമൃതയും പുനര്‍വിവാഹിതരായി എന്നതിന്റെ പേരില്‍ സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് അദ്ദേഹം മലയാളിയുടെ കപട സദാചാര ബോധത്തെ വിമര്‍ശിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഐ ആം സോ ഫെയില്ഡ് ഓഫ് യു ബ്ലഡി സദാചാര #മല്ലൂസ്
??
ഗോപി സുന്ദര്‍ എന്ന് പേരായ ഒരു സംഗീതജ്ഞന്റെ വിവാഹം കഴിഞ്ഞു. പുള്ളി ഭാര്യയോടൊത്ത് ഒരു സെല്‍ഫി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കഥ കഴിഞ്ഞു !
സോഷ്യല്‍ മീഡിയയില്‍ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികള്‍ക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം.
എന്തായാലും ഗോപിയുടെയും, അമൃതയുടെയും സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട ഞരമ്പോളജിയും ഒക്കെ തിരഞ്ഞിയിരിക്കുകയാണ് യുവതുര്‍ക്കികളായ സദാചാര ആങ്ങളമാരും, പെങ്ങന്മാരും.
ഭര്‍തൃ പീഡനത്താല്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന പെണ്‍കഥകകളുടെ അടിയില്‍ ‘ അയ്യോ സഹോദരീ ഇറങ്ങി പോകണമായിരുന്നു അവിടെ നിന്നും, അവനെ ഉപേക്ഷിക്കണമായിരുന്നു ‘ എന്നൊക്കെ ഉപദേശിക്കുന്ന സദാചാര മലരുകളായ ആങ്ങളമാരും പെങ്ങളുമാരും ഗോപി സുന്ദറില്‍ നിന്നും മാന്യമായി പിരിഞ്ഞ സ്ത്രീയെയും, ഗോപി സുന്ദറിലേക്ക് വന്ന സ്ത്രീയെയും പരത്തെറിയും, ലൈംഗിക അതിക്ഷേപങ്ങളുമായി അരങ്ങു തകര്‍ക്കുകയാണ്.
സമ്പൂര്‍ണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാര്‍ക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്‌നം ലൈംഗിക സദാചാരമാണ്. മാറ് മറയ്ക്കാന്‍ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നില്‍ക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിള്‍ ആണ്
‘തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം’ അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം.
മറ്റുള്ളവരുടെ കുറ്റവും കുറ്റവും ആത്മരതിക്കുള്ള ഉപാധിയായി മാറ്റുന്ന സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു.
കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലും കൊണ്ടുചെന്നെത്തിക്കുന്നത് .
തങ്ങള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വപ്നകാണുകയും ചെയ്യുന്ന രണ്ടു പ്രമുഖ നടികള്‍ക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ സംഭവിച്ച തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളെ പൊടിപ്പും തൊങ്ങലും ആവശ്യത്തിന് മസാലകളും ചേര്‍ത്ത് മലയാളികള്‍ ഏറ്റെടുത്തതു മുതലുള്ള സംഭവവികാസങ്ങളും, ഇപ്പോള്‍ ഗോപി സുന്ദര്‍ രണ്ടാമത് വിവാഹം ചെയ്യുന്നു എന്ന വാര്‍ത്തയോടുള്ള സദാചാര മലയാളികളുടെ പൊങ്കാലകളും, അധിക്ഷേപങ്ങളും ശ്രദ്ധിച്ചാല്‍ അയല്‍വാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ.
മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനും കാവ്യാമാധവനെ വിവാഹം ചെയ്യാനുമുള്ള ദിലീപിന്റെ വ്യക്തിപരമായ തീരുമാനത്തില്‍ മലയാളികള്‍ ഒന്നടങ്കം കൊടിപിടിച്ചു പ്രതിഷേധിച്ചത് ഓര്‍മ്മയില്ലേ.
ലൈംഗികതയും, സിനിമ ജീവിതവും, വര്‍ഗീയതയും, വംശീയതയും, കന്യാചര്‍മ്മവും കുശുമ്പും കുന്നായ്മയും ഉഡായിപ്പും എന്തിനേറെ ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്‌നം.
അതിന് കേരളീയന്റെ മഹത്തായ സംസ്‌കാരം എന്ന ഓമനപ്പേരുമിട്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം.
ഗോപി സുന്ദറും അമൃതയും പുനര്‍ വിവാഹിതരായി എന്നതിന്റെ പേരില്‍ സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.
‘സിനിമാ നടിമാരെല്ലാം പോക്കാണ്’ എന്ന് നാലാള് കൂടുന്നിടത്തു തലയുയര്‍ത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്.
എന്നാല്‍ സിനിമാക്കാരുടെ താലികെട്ട് മുതല്‍ ഗര്‍ഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേക്ഷിപ്പിക്കാന്‍ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാന്‍ നമുക്കുണ്ടാകുന്ന ആ അന്തര്‍ലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്.
ഗോപി സുന്ദറിനും പൊണ്ടാട്ടി അമൃതയ്ക്കും #മംഗളങ്ങള്‍ ??
അഡ്വ ശ്രീജിത്ത് പെരുമന