മരുമകളുടെ മുന്‍ ഭര്‍ത്താവ് സല്‍മാന്‍ ഖാന്‍; കുടുംബക്കോടതിയില്‍ സിനിമാറ്റിക് രംഗങ്ങള്‍!

Advertisement

മരുമകളുടെ ആശ്രിത നിയമനം സ്റ്റേ ചെയ്യാന്‍ ഭര്‍തൃപിതാവ് സമര്‍പ്പിച്ചത് സല്‍മാന്‍ ഖാനുമൊത്തുള്ള വിവാഹഫോട്ടോ. മകന്റെ മരണത്തിന് ശേഷം ജോലി മരുമകള്‍ക്ക് ലഭിക്കാതെ ഇളയമകന് ലഭിക്കാനായിരുന്നു ഭര്‍തൃപിതാവിന്റെ കടുംകൈ. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ ബൈകുണ്ഡ്പൂര്‍ കുടുംബകോടതിയിലാണ് സിനിമാറ്റിക് രംഗങ്ങള്‍ അരങ്ങേറിയത്.

സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിലെ ഗുമസ്തനായിരുന്നു ബിലാസ്പൂര്‍ സ്വദേശിയായ ബസന്ത്‌ലാല്‍. ബസന്ത്‌ലാലിന്റെ മരണത്തോടെ ഭാര്യ റാണി ദേവി ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ ജോലി ഇളയമകന് ലഭിക്കാനായാണ് റാണി ദേവി മുമ്പ് വിവാഹം കഴിച്ചിരുന്നതായുള്ള തെളിവ് ഉണ്ടാക്കാന്‍ ഭര്‍തൃപിതാവ് ഒരുങ്ങിയത്.

സമീപത്തെ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ബസന്ത്‌ലാലിന്റെയും റാണിയുടെയും ഫോട്ടോ നല്‍കി ബസ്ന്ത്‌ലാലിനെ മാറ്റി പകരം മറ്റാരുടെയെങ്കിലും ചിത്രം വക്കാനും ആവശ്യപ്പെട്ടു. സ്റ്റുഡിയോക്കാരന്‍ വച്ച് കൊടുത്തത് സല്‍മാന്‍ ഖാന്റെ ഫോട്ടോയും. മാഗ്നിഫൈയിങ് ലെന്‍സ് കൊണ്ട് വരെ ജഡ്ജി നിരീക്ഷിച്ച് സല്‍മാന്‍ ഖാന്‍ ആണെന്ന് ഉറപ്പിച്ചതോടെ വിധി റാണി ദേവിക്ക് അനുകൂലമായി.